---
title: "തളിപ്പറമ്പ് ജുമാഅത്ത് കമ്മിറ്റിക്കും സീതി സാഹിബ് സ്‌കൂള്‍ കമ്മിറ്റിക്കും നേരെയുണ്ടായ 4.81 കോടി രൂപയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വഖഫ് ബോര്‍ഡ് റിപ്പോര്‍ട്ട്‌"
english_title: "Vakhaf report "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21255/Vakhaf report "
published_at: "2022-01-17T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e539481abf9_IMG-20220117-WA0049.jpg"
keywords: []
---

# തളിപ്പറമ്പ് ജുമാഅത്ത് കമ്മിറ്റിക്കും സീതി സാഹിബ് സ്‌കൂള്‍ കമ്മിറ്റിക്കും നേരെയുണ്ടായ 4.81 കോടി രൂപയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വഖഫ് ബോര്‍ഡ് റിപ്പോര്‍ട്ട്‌

> **Lead Summary:** തളിപ്പറമ്പ് : സീതി സാഹിബ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കെതിരെയും ഉയര്‍ന്നിരുന്ന 4.81 കോടി രൂപയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

## Article Content

തളിപ്പറമ്പ് : സീതി സാഹിബ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കെതിരെയും ഉയര്‍ന്നിരുന്ന 4.81 കോടി രൂപയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

കാര്യമായ തിരിമറികളൊന്നും തന്നെ നടന്നിട്ടില്ല എന്ന് വഖഫ് ബോര്‍ഡിന്റെ പരിശോധനയില്‍ വ്യക്തമായി. സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണം. കമ്പ്യൂട്ടര്‍ വാങ്ങല്‍, ചൈല്‍സ് പാകല്‍, ഡോറും ജനലും പിടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ചെലവാക്കിയ തുകയുടെ കൃത്യമായ കണക്കുകളും ഇതിനായുള്ള പത്ര പരസ്യത്തിന്റെയും പ്ലാനിന്റെയും എസ്റ്റിമേറ്റിന്റെയും രേഖകളും വഖഫ് ബോര്‍ഡിന്റെ മുന്നില്‍ കമ്മിറ്റിക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ജനകീയ കമ്മിറ്റി നിലവില്‍ വന്നതില്‍ പിന്നെ വഖഫ് സ്വത്തുക്കളൊന്നും തന്നെ അന്യാധീനപ്പെട്ട് പോയിട്ടില്ലെന്നും വഖഫ് ഭൂമിയുടെ കൈവശ വസ്തുക്കളുടെ ലിസ്റ്റ്, ഭൂനികുതി രശീതി, കെട്ടിട നികുതി രശീതി, കെട്ടിട നമ്പര്‍, കുടിയാന്‍മാരുടെ പേര്, നിലവിലെ വാടക എന്നിവ ഉള്‍പ്പെടുന്ന ലിസ്റ്റ് എന്നിവയുടെ കോപ്പിയും വഖഫ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കണക്കുകള്‍ സംബന്ധിച്ച് മേല്‍ വഖഫിന്റെ കണക്കുകള്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളി, സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, റോയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിങ്ങനെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്.
തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കണക്കുകള്‍ ട്രസ്റ്റ് കമ്മറ്റി ഓഫീസിലും, സീതി സാഹിബ് സ്‌കൂളിന്റേത് സ്‌കൂളിലെ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസിലും, റോയല്‍ സ്‌കൂളിന്റേത് റോയല്‍ സ്‌കൂള്‍ ഓഫീസിലുമാണ് സൂക്ഷിക്കുന്നത്.

ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകള്‍ക്ക് ഡേ ബുക്ക്, ലെഡ്ജര്‍ എന്നിവ സൂക്ഷിക്കുന്നുണ്ട്.
റോയല്‍ സ്‌കൂളിന്റെ കണക്കുകള്‍ ടാലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ സീതിസാഹിബ് സ്‌കൂളിന്റെ 2013-14 മുതല്‍ 2020-21 വരെയുള്ള കണക്കുകള്‍ കമ്പ്യൂട്ടറില്‍ എക്‌സല്‍ ഷീറ്റിലാണ് സൂക്ഷിച്ചിട്ടുള്ളത്. 

2021-22 വര്‍ഷത്തെ കണക്കുകള്‍ക്ക് ഡേ ബുക്ക്, ലെഡ്ജര്‍ എന്നിവ സൂക്ഷിക്കുന്നുണ്ട്.

മൂന്ന് സ്ഥാപനങ്ങളുടെയും കണക്കുകള്‍ വര്‍ഷാവര്‍ഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാറുണ്ട്. കമ്മറ്റിയുടെ നിയമാവലി പ്രകാരം കണക്കുകള്‍ വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്ത് ജനറല്‍ ബോഡി വിളിച്ച് അവതരിപ്പിക്കേണ്ടതാണ്.
എന്നാല്‍ 02.03.2018 ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് അവസാനമായി വരവ് ചെലവ് കണക്കുകള്‍ (2013-14 മുതല്‍ 2016-17 വരെ) അവതരിപ്പിച്ചതെന്നും, അതിന് ശേഷം ജനറല്‍ബോഡി ചേര്‍ന്നിട്ടില്ലെന്നും മിനുട്‌സ് പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. തളിപ്പറമ്പ് ജുമാഅത്ത് പള്ളി, സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ 2013-14 മുതല്‍ 2020-21 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ 2013-14 മുതല്‍ 2019-20 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു.

അസസ്സ്‌മെന്റ് ഫയല്‍ പരിശോധിച്ചതില്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കണക്കുകള്‍ മാത്രമാണ് ബോര്‍ഡില്‍ സമര്‍പ്പിച്ച് വരുന്നതെന്നും, സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, റോയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയുടെ കണക്കുകള്‍ സമര്‍പ്പിക്കാറില്ലെന്നും മനസ്സിലാകുന്നു.
ആയതിനാല്‍ മേല്‍ രണ്ട് സ്ഥാപനങ്ങളുടെയും കണക്കുകള്‍ ബോര്‍ഡില്‍ സമര്‍പ്പിക്കുന്നതിന് കമ്മറ്റി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കൈവശത്തിലുള്ള മാര്‍ക്കറ്റിലെ അറവുശാലയുടെ ഭാഗത്ത് മതില്‍ കെട്ടുന്നതിന് 12,74,000/ രൂപയും, അറവ് ശാല ഷീറ്റ് ഇടുന്നതിന് 2,19,000/ രൂപയും ചെലവ് വന്നതായും 2019-20 വര്‍ഷത്തെ ലഡ്ജറിലുണ്ട്. എന്നാല്‍ നിര്‍മ്മാണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചതായി മിനുട്‌സ് ബുക്കിലോ, ബോര്‍ഡ് അനുമതി നല്‍കിയതായി ഫയലിലോ കാണുന്നില്ല. ഇതു സംബന്ധിച്ച് കമ്മറ്റി ഭാരവാഹികളോട് വിശദീകരണം ചോദിച്ചേക്കും.

സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റിയുടെ ബൈലോ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളില്‍ വൈസ് പ്രസിഡന്റ് (വിദ്യാഭ്യാസം) ജോയിന്റ് സെക്രട്ടറി (വിദ്യാഭ്യാസം) എന്നിവര്‍ ചെയര്‍മാനും കണ്‍വീനറുമായി 7 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടങ്ങിയ സബ് കമ്മിറ്റിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തേണ്ടത്. നിലവില്‍ കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന 7 അംഗ വിദ്യാഭ്യാസ കമ്മിറ്റിയാണ് നിലവിലുള്ളത്.

നിയമാവലി പ്രകാരം വിദ്യാഭ്യാസ കമ്മിറ്റിയുടെ കണക്കുകളും മറ്റു റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ട ചുമതല കണ്‍വീനര്‍ക്കാണ്. വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനറായ മുഹമ്മദ് ബഷീര്‍ സ്ഥാനം രാജി വെച്ചതായും എന്നാല്‍ ട്രസ്റ്റ് കമ്മിറ്റി തന്റെ രാജി സ്വീകരിച്ച് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ചും, കണ്‍വീനറായ താന്‍ അറിയാതെ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം നടത്തിയതായും കാണിച്ച് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പരിശോധിക്കുന്നതിന് വിദ്യാഭ്യാസ കമ്മിറ്റിയുടെ മിനിറ്റ്‌സ് ബുക്ക് പരിശോധനക്ക് നല്‍കുന്നതിനായി കമ്മറ്റി ചെയര്‍മാനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇയാൾ രാജിവെച്ചെങ്കിലും രേഖകള്‍ കൈമാറിയിട്ടില്ലെന്നും, അദ്ദേഹത്തിന്റെ രാജി ട്രസ്റ്റ് കമ്മിറ്റി സ്വീകരിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിക്കുകയുണ്ടായി.

സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സൗത്ത് ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സൗത്ത് വെസ്റ്റ് ബ്ലോക്ക്, നോര്‍ത്ത് വെസ്റ്റ് ബ്ലോക്ക് (ലേഡീസ് സ്റ്റാഫ് കോംപ്ലക്‌സ്) എന്നീ നിര്‍മ്മാണ പ്രവൃത്തികളാണ് 2013-14 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ നടന്നത്.ഇതിന്റെ പത്ര പരസ്യം, പ്ലാന്‍, എസ്റ്റിമേറ്റ് ലഭിച്ച ക്വട്ടേഷനുകള്‍, ലേഡീസ് സ്റ്റാഫ് കോംപ്ലക്‌സ് കമ്മിറ്റി നേരിട്ട് നിര്‍മ്മാണം നടത്തിയതാണെന്ന് മാനേജര്‍ അറിയിച്ചിരുന്നു.

2013-14 മുതല്‍ 2020- 21 വരെയുള്ള കാലയളവില്‍ കെട്ടിട നിര്‍മ്മാണം, ടൈല്‍സ് പാകല്‍, സ്‌കൂള്‍ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ എന്നിങ്ങനെയായി ഏകദേശം 2.39 കോടി രൂപ ചെലവ് വന്നതായി കാണ്ടെത്തി.
വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാദങ്ങള്‍ക്കെതിരെയും വഖഫ് ബോര്‍ഡ് പരിശോധന നടത്തി.

വഖ്ഫിന് അവകാശപ്പെട്ട റി.സി. 56/3 ലുള്ള വസ്തുവില്‍ പ്ലാന്റ് നിര്‍മ്മാണത്തിന് വഖ്ഫ് അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും, ആയതിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളതുമാണ്. വഖ്ഫ് രജിസ്റ്റര്‍ പ്രകാരം റിസ 563 ലുള്ള 49 സെന്റ് വസ്തു ''തളിപ്പറമ്പ് മാര്‍ക്കറ്റ് ആണ്. അന്വേഷണ സമയത്ത് സ്ഥല പരിശോധന നടത്തിയതില്‍, തളിപ്പറമ്പ് മാര്‍ക്കറ്റിന് പീടിക മുറികളുടെ തൊട്ട് പിറകിലായാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നതെന്നും, ഈ വസ്തു നിലവില്‍ ഖബര്‍സ്ഥാനായി ഉപയോഗിക്കുന്നില്ലെന്നും, അതുപോലെ ഈ വസ്തുവിലോ സമീപത്താ ഖബറടക്കം നടന്നതായുള്ള തെളിവുകളൊന്നും ശേഷിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ സാധിച്ചു.

എന്നാല്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി കുഴി എടുക്കുന്ന സന്ദര്‍ഭത്തില്‍ അമ്പതോളം ചെറിയ ഖബറുകളുടെ അവശിഷ്ടം ലഭിച്ചതായി പ്ലാന്റ് നിര്‍മ്മിക്കുകയും, നിലവില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കൊറ്റാല്‍ കൃഷ്ണന്‍ അറിയിക്കുകയുണ്ടായി. മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ച് വന്ന പത്രവാര്‍ത്ത, പ്ലാന്‍ ലഭിച്ച ക്വട്ടേഷനുകള്‍, പ്ലാന്റ് നിര്‍മ്മാണം നടത്തിയ ദേശീയ പരിസ്ഥിതി പ്രശ്‌ന പരിഹാര കമ്മിറ്റി സെക്രട്ടറി കൊറ്റിയാല്‍ കൃഷ്ണനുമായി ഉണ്ടാക്കിയ എഗ്രിമെന്റ് എന്നിവയുടെ കോപ്പിയും വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.

പ്ലാന്റിന് സമീപം തന്നെയാണ് മല്‍സ്യ ബോക്‌സുകള്‍ സൂക്ഷിക്കുന്നത്. നിലവില്‍ ഖബര്‍സ്ഥാനായി ഉപയോഗിക്കുന്ന വസ്തുവിലല്ല. മത്സ്യ ബോക്‌സ് സൂക്ഷിച്ചിട്ടുള്ളത്. മത്സ്യ മാര്‍ക്കറ്റ് വര്‍ഷാ വര്‍ഷം ലേലം ചെയ്യുന്നത്.

മത്സ്യ ബോക്‌സ് സൂക്ഷിക്കുന്ന സൗകര്യം ഉള്‍പ്പെടെയാണ്. ഈ ഇനത്തില്‍ വഖ്ഫിന് വര്‍ഷാവര്‍ഷം ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്. റിസ 972 ലുള്ള വസ്തു കമ്മിറ്റിയുടെ റിക്കോര്‍ഡ് പ്രകാരം ഉണ്ടന്‍പറമ്പിന് തെക്ക് ഭാഗത്തുള്ള 23.25 സെന്റ് വസ്തുവാണെന്നും, അല്ലാതെ 12 ഏക്കര്‍ ടി സര്‍വ്വ നമ്പറില്‍ ഇല്ലെന്നും കമ്മറ്റി സെക്രട്ടറി വഖഫ് ബോര്‍ഡിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21255/Vakhaf report )